...................... കാലടി ശങ്കരാചാര്യാ സര്‍വകലാശാലയിലെ മലയാളവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം അനുഭവിക്കുന്ന പ്രതിസന്ധി തൊട്ടറിഞ്ഞത്, സാഹിത്യത്തിന്റെ സാമ്പ്രദായികമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഭാഷാ പഠനം നീങ്ങിയപ്പോഴാണ്.മലയാളം സാഹിത്യഭാഷയായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന അസുഖകരമായ അറിവായിരുന്നു അത്. ഉന്നത വിദ്യാഭ്യാസത്തിലുള്‍പ്പെടെ പഠനഭാഷ ഇംഗ്ലീഷായിരിക്കുമ്പോള്‍ വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം അനുഭവിക്കുന്ന മുരടിപ്പ് വ്യക്തമാക്കപ്പെട്ടു. സാമ്പത്തിക-സാമൂഹിക രാഷ്‌ട്രീയരംഗത്തെ തുറന്ന സംഘര്‍ഷത്തില്‍ പങ്കാളിയായി, അതുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിശകലനത്തില്‍ നിന്നും ഭാഷ നേടിയെടുക്കേണ്ട പരിണാമോര്‍ജ്ജം മലയാളത്തിന് നഷ്ടമാകുന്നത് വ്യക്തമായി. മലയാളഭാഷയുടെ ഈ നഷ്ടം മലയാളിയുടെ ബോധപരിണാമത്തിന്റെ പൊതുനഷ്ടമാണെന്ന് തിരിച്ചറിയപ്പെട്ടു.
ഇത് കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. പുതിയ ജീവിതസന്ദര്‍ഭങ്ങളോടും വൈജ്ഞാനിക സന്ദര്‍ഭങ്ങളോടും ഇടഞ്ഞുകൊണ്ടാണ് ഒരു ഭാഷ പരിണമിക്കേണ്ടത്. ആധുനിക വിജ്ഞാനമേഖലകളെ പ്രവേശിപ്പിക്കാതിരിക്കുമ്പോള്‍ അതിന്റെ വളര്‍ച്ച മുരടിക്കുന്നു.
മനുഷ്യപക്ഷത്തുനിന്ന് നോക്കുമ്പോള്‍ ശാസ്ത്രമുള്‍പ്പെടെയുള്ള സര്‍വവും ഭാഷാപ്രയോഗങ്ങള്‍ തന്നെയാണ്. അതിന് വൈജ്ഞാനികം മാത്രമല്ല വൈകാരികവുമായ മൂല്യമുണ്ട്. വികാരപ്രകടനത്തിന് ഉപയോഗിക്കുന്ന ഒഎരു പദം തന്നെയാണ് മറ്റൊരു സന്ദര്‍ഭത്തില്‍ വിജ്ഞാനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. സാഹിത്യരചയിതാക്കള്‍ വൈകാരികപരിണാമത്തിന് അനുസരിച്ച്, പുതിയ അനുഭവങ്ങള്‍ക്ക് അനുസരിച്ച് പുതിയ ഭാഷാപ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. വികാരപരമായ മണ്ഡലത്തില്‍ ഭാഷ പുരോഗമിക്കുകയും വൈജ്ഞാനികമണ്ഡലത്തില്‍ അത് മുരടിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
ശക്തവും നവീനവുമായ ആശയങ്ങള്‍ക്ക് വേണ്ട പദകോശം, പദബന്ധങ്ങള്‍, പദ-അര്‍ത്ഥ പരിണാമങ്ങള്‍ എന്നിവ ഭാഷയില്‍ സംഭവിക്കാതെ പോവുന്നു. ഭാഷ പൈങ്കിളിവല്‍ക്കരണത്തിന് വിധേയമാവുന്നു. വൈജ്ഞാനികതയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഭാഷ, വൈകാരികമായി ദുര്‍ബലമായ ഭാഷ, അത്തരത്തില്‍ ദുര്‍ബലമായ ഒരു സമൂഹത്തെ കുറിക്കുന്നു. ഭാഷയുടെ ജീവിച്ചിരിക്കെയുള്ള മരണമാണിത്.
ഏത് വിജ്ഞാനവും മലയാളിയുടെ മുന്നില്‍ അവതരിക്കണമെങ്കില്‍ സാഹിത്യത്തിന്റെ രൂപത്തിലായിരിക്കണമെന്ന് വന്നിരിക്കുന്നു. വിവിധതരം വിജ്ഞാനങ്ങളെ അതതിന്റെ തന്നെ മണ്ഡലങ്ങളില്‍ വച്ച് സ്വീകരിക്കാന്‍ മലയാളിക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാകാം? അതുപോലെത്തന്നെ, സമൂഹത്തെ ബാധിക്കുന്ന ഏത് കാര്യത്തെപ്പറ്റിയും അന്തിമാഭിപ്രായം പറയുന്നത് സാഹിത്യരചയിതാക്കളാണെന്ന അവസ്ഥ വന്നിരിക്കുന്നതിന്റെ കാരണമെന്താകാം?
ഇവ രണ്ടും ഒരേ അവസ്ഥയുടെ പ്രതിഫലനമാണെന്ന് കാണാം. കേരളീയന്റെ ബൌദ്ധികലോകത്തെ മലയാളം ഒരു ഭാഷയെന്ന നിലയില്‍ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് ആ അവസ്ഥ. വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളം ഉന്നതതലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതുതന്നെയാണ് ഇതിനുകാരണം. വിവിധങ്ങളായ പുതിയ വിജ്ഞാനങ്ങള്‍ ഒരു ബുദ്ധിജീവി അനുഭവിക്കുന്നതും പ്രയോഗിക്കുന്നതും മലയാളത്തിലല്ല. മലയാളത്തില്‍ പ്രയോഗിക്കപ്പെടുന്ന ഏറ്റവും പുതിയ വിജ്ഞാനം സാഹിത്യസംബന്ധിയായത് മാത്രമാണ്. അതിനാല്‍ തന്നെ മലയാള ഭാഷ എന്നാല്‍ മലയാളസാഹിത്യമെന്ന ചുരുക്കെഴുത്തായിരിക്കുന്നു. മലയാള ഭാഷയെന്നാല്‍ വിജ്ഞാനതത്വശാസ്ത്രത്തിന്റെയോ ഭൌതിക ശാസ്ത്രത്തിന്റെയോ മണ്ഡലങ്ങളിലെ മലയാളമല്ലെന്ന് വരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ ലോകം സാഹിത്യത്തില്‍ മാത്രം പരിമിതപ്പെടുകയും മലയാളിബുദ്ധിജീവി സാഹിത്യബുദ്ധിജീവി മാത്രമായിരിക്കുകയും ചെയ്യുന്നു. മലയാളജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പ്രതിസന്ധികള്‍ക്കും ഉത്തരം പറയേണ്ടത് അവളോ അയാളോ മാത്രമാവുന്നു.
അതിനാല്‍ മലയാളഭാഷ അനുഭവിക്കുന്ന ഈ പ്രതിസന്ധി ഭാഷാപഠിതാക്കളുടെ പ്രതിസന്ധിയേക്കാള്‍ മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കേരളീയരുടെ പ്രതിസന്ധിയാണ്. കേരളീയ സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ ജൈവികമായി ഇടപെടാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് സാഹചര്യമാണിത്. അത്തരത്തില്‍ കേരളീയ പൊതുമണ്ഡലത്തിന്റെ പ്രതിസന്ധി തന്നെ.

ലോഡുചെയ്യുന്നു...